കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. കടബ സര്‍്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു വിന്‍സി.

വ്യാഴാഴ്ച രാവിലെയോടെ പെണ്‍കുട്ടിക്ക് തലവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും തലവേദന മാറാത്തതിനാല്‍ പുത്തുര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കുട്ടിക്ക് പേവിഷബാധയേറ്റതാണെന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വളരെ വേഗം ആരോഗ്യനില വഷളായി കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

വളര്‍ത്തു നായയില്‍ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. ഇതില്‍ നിന്നാകാം പെണ്‍കുട്ടിക്കും റാബിസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കാല്‍മുട്ടിന് മുകളില്‍ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരണ്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പാണ് കാല്‍മുട്ടിന് മുകളില്‍ നായ മാന്തിയത്. എന്നാല്‍ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും കിഷോര്‍ കുമാറിന് ഇല്ലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച്‌ മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍ കരുണന്‍. അമ്മ രാധ. സഹോദരന്‍: രഞ്ജിത്.