മാലി: ഒളിമ്ബിക്‌സ് അത്‌ലറ്റില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്ബിക്‌സില്‍ നീരജ് എറിഞ്ഞ ജാവലിന്‍ ഇന്ത്യയുടെ ഒളിമ്ബിക്‌സ് ചരിത്രത്തിലേക്കുള്ളതായിരുന്നു. ഇപ്പോഴിതാ താരം മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ്.

കടലിനടിയില്‍ വെച്ച്‌ ജാവലിന്‍ എറിയുന്നതായി കാണിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മാലിദ്വീപിലെ ഫുറവെരി റിസോര്‍ട്ടിലാണ് നീരജ് താമസിക്കുന്നത്. ഇവിടെ നിന്നും സ്‌കൂബ ഡൈവിനിടെയാണ് താരം കടലിനടിയില്‍ ജാവലിന്‍ എറിയുന്നതായി കണിക്കുന്നത്.

ആകാശത്താണെങ്കിലും ഭൂമിയിലാണെങ്കിലും ഇനി കടലിനടിയിലാണെങ്കിലും ഞാന്‍ ജാവലിനെ കുറിച്ചാണ് ചിന്തിക്കുന്നത്’ എന്ന് കുറിച്ചാണ് നീരജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ സ്വര്‍ണം നേടിയതോടെ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കി. നേരത്തെ മില്‍ഖാ സിങ്, പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കയ്യില്‍ നിന്നും ചെറിയ വ്യത്യാസത്തിന് ഒളിമ്ബിക് മെഡലുകള്‍ നഷ്ടമായ കഥയാണ് ഇന്ത്യക്ക് പറയാനുണ്ടായിരുന്നത്. അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ നേടുന്നതിനായുള്ള ഇന്ത്യയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.