ബംഗളൂരു: ദക്ഷിണേന്ത്യക്കാരുടെ ഇഷ്​​ട പ്രഭാത ഭക്ഷണമായ ‘ഇഡലി’യെ ചൊല്ലി ട്വിറ്ററില്‍ പോര്​. ഇഡലി എന്നു പറയുമ്ബോള്‍ മനസ്സില്‍ വരുന്ന രൂപത്തെ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് കോല്‍ ഐസ് മാതൃകയിലുണ്ടാക്കിയ ‘കോല്‍ ഇഡലി’ലാണ്​ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്​. ഐസ്ക്രീംകോലില്‍ കുത്തിവെച്ച നാല്​ ഇഡലിയും അതോടൊപ്പം സാമ്ബാറും ചമന്തിയും ചേര്‍ത്തുള്ള ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് ട്വിറ്ററില്‍ ‘പോര്’ തുടങ്ങിയത്.

 

 

അതേസമയം ‘അസംബന്ധം; പക്ഷെ, പുതുമയുള്ളതെന്ന്’​ ശശി തരൂര്‍ ട്വീറ്റ്​ ചെയ്​തു. ആരും പ്രതീക്ഷിക്കാത്ത സ്ഥലത്ത് സര്‍ഗാത്മകശേഷി തെളിയിക്കുന്നതില്‍നിന്ന് ഇന്ത്യയുടെ പുതുമകളുടെ തലസ്ഥാനമായ ബംഗളൂരുവിന് മാറിനില്‍ക്കാനാകില്ലെന്നാണ് കോല്‍ ഇഡലിയുടെ ചിത്രം സഹിതം ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. കോലില്‍ ഇഡലി, അത് മുക്കി തിന്നാന്‍ സാമ്ബാറും ചട്ട്​നിയും, ആരൊക്കെ അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ വാര്‍ത്ത ബി.ബി.സിയും പങ്കുവെച്ചു.

 

 

നിലവിലുള്ള ആകൃതിയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളിയാകുമെന്നാണ് ഇതി​െന്‍റ പരമ്ബരാഗത രൂപം ഇഷ്​​ടപ്പെടുന്നവരുടെ മുന്നറിയിപ്പ്. എന്നാല്‍, കൈ കഴുകാതെയും സ്പൂണ്‍ ഉപയോഗിക്കാതെയും കോലില്‍ പിടിച്ച്‌ ചമ്മന്തിയിലും സാമ്ബാറിലും മുക്കി തിന്നാന്‍ കഴിയുന്ന ന്യൂജെന്‍ രൂപം നല്ല ആശയമാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്​.

ഇഡലിയെ അപമാനിച്ചുവെന്നും ജീവിതത്തില്‍ ഇത്തരമൊരു കാഴ്ച കാണേണ്ടിവരില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. പുതിയ ആശയം ആണെങ്കിലും തെന്നിന്ത്യയില്‍ ഇതി​െന്‍റ പേരില്‍ കലാപം നടത്തുമെന്നും മറ്റുചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോല്‍ ഇഡലിയെന്നും കുല്‍ഫി ഇഡലിയെന്നും ഐസ്ക്രീം ഇഡലിയെന്നും കോല്‍ ഐസ് ഇഡലിയെന്നുമൊക്കെ പല പേരുകളിലായി പുതിയ രൂപത്തിലുള്ള ചിത്രം വ്യാപകമായി പ്രചരിച്ചെങ്കിലും ഏതു ഹോട്ടലുകാരാണ് ഇത് പരീക്ഷിച്ചതെന്നതില്‍ ആര്‍ക്കും വ്യക്തതയില്ല.

 

 

ബംഗളൂരുവിലെ ‘കൊളംബോ ഇഡലി ഹൗസി’ല്‍നിന്നാണ് ഈ പരീക്ഷണമെന്ന് പ്രചരിച്ചെങ്കിലും ഹോട്ടല്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ഇത്തരം ഇഡലി ഉണ്ടാക്കിയിട്ടില്ലെന്നും തങ്ങളുടെ പേരില്‍ മറ്റാരോ ചിത്രം പോസ്​റ്റ് ചെയ്യുകയായിരുന്നുവെന്നും മാനേജര്‍ അറിയിച്ചു. എന്തായാലും പുതിയ മാറ്റം ‘നാഥനില്ലാതെ’ സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക്​ തുടക്കമിട്ടിരിക്കുകയാണ്​.