ചണ്ഡീഗഢ്: പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം തുടരുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച നവ്ജ്യോത് സിദ്ദു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രതിലോമ ശക്തികള്‍ തോല്‍പിക്കാന്‍ ശ്രമിച്ചാലും പഞ്ചാബിന്റെ നേട്ടത്തിനായി നിലകൊള്ളുമെന്നും സിദ്ദു വ്യക്തമാക്കി. അതേ സമയം പിസിസി അധ്യക്ഷ സ്ഥാനത്തുള്ള രാജി സിദ്ദു ഇനിയും പിന്‍വലിച്ചിട്ടില്ല എന്നും ഡിജിപി – എജി പദവികളിലെ തീരുമാനത്തിന് കാക്കുകയാണെന്നുമാണ് വിവരം.

‘ഗാന്ധിജിയുടെയും ശാസ്ത്രി ജിയുടെയും തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ പ്രതികൂല ശക്തികളും എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും ക്രിയാത്മക ഊര്‍ജം കൊണ്ട് പഞ്ചാബിനെ വിജയിപ്പിക്കാന്‍ ശ്രമിക്കും. പഞ്ചാബിയത് (സാര്‍വത്രിക സാഹോദര്യം) വിജയിക്കും. ഓരോ പഞ്ചാബിയും വിജയിക്കും’ – സിദ്ദു ട്വീറ്റില്‍ കുറിച്ചു .

പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള രാഷ്ട്രീയ കലഹത്തില്‍ സിദ്ദുവിന് ഒപ്പമായിരുന്നു രാഹുലും പ്രിയങ്കയും. നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി നടത്തിയ ചില നിയമനങ്ങളില്‍ പ്രതിഷേധിച്ച്‌ വീണ്ടും ഇടഞ്ഞ സിദ്ദു, വിട്ടുവീഴ്ച ചെയ്യുന്നത് വ്യക്തിത്വത്തിന്റെ പരാജയമാണെന്ന് കാണിച്ച്‌ സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ചിരുന്നു. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഇതുവരെയായും സിദ്ദുവിന്റെ രാജി സ്വീകരിച്ചിട്ടില്ല. സിദ്ദു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന് ശക്തമായ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.