കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ ആയിരംക്കൊല്ലിയിലെ ക്വാറി കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പച്ചിലക്കാട് പടിക്കം വയല്‍ സ്വദേശി മാമൂട്ടില്‍ ഷിജേഷി ( 32 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മെഡിക്കല്‍ ഷോപ്പില്‍ ജോലിചെയ്തിരുന്ന ഷിജേഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
അമ്പലവയല്‍-മീനങ്ങാടി പാതയില്‍ ഫാന്റം റോക്കിനുസമീപത്തെ ക്വാറിക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നുവൈകിട്ട് നാലുമണിയോടെയാണ് ഒരാള്‍ ക്വാറിക്കുളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം നാട്ടുകാര്‍ക്കുണ്ടായത്. പരിസരത്ത് ഒരു ആളൊഴിഞ്ഞ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. നാലരയോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. മുങ്ങല്‍വിദ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

കല്‍പ്പറ്റയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഷിജേഷിനെ ഇന്നലെമുതല്‍ കാണാതായിരുന്നു. എന്നെ ആരും അന്വേഷിക്കേണ്ട എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ഷിജേഷിന്റെ വീട്ടില്‍നിന്നും, സഞ്ചരിച്ച കാറില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. മാനസികവൈകല്യമുളള സഹോദരന്‍ മാത്രമാണ് ഷിജേഷിനുണ്ടായിരുന്നത്.