‘വയലിനിസ്റ്റ് ബാലഭാസ്കര്‍’ യാത്രയായിട്ട് മൂന്ന് വര്‍ഷങ്ങള്‍ ആരാധകര്‍ക്ക് ഇന്ന് ഓര്‍മ്മകളുടെ കണ്ണീര്‍ദിനം. വയലിനിസ്റ്റ് ബാലഭാസ്കര്‍ വയലിന്‍ സംഗീതത്തിന്റെ എല്ലാ അര്‍ഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ ജീവവായു. ഓരോ ഇരുത്തങ്ങളിലും ചര്‍ച്ചകളിലും ബാലഭാസ്കര്‍ എന്ന ബാലു സംസാരിച്ചിരുന്നതും അതു തന്നെ. വയലിന്‍ കമ്ബികള്‍കൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടര്‍ത്തിയ പകരക്കാരനില്ലാത്ത കലാകാരന്‍.

എല്ലാ താളവും ശ്രുതിയും പാതിവഴിയില്‍ ഉപേക്ഷിച്ച്‌ സംഗീതലോകത്തോടു യാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോള്‍ അനാഥമായത് അക്ഷരാര്‍ഥത്തില്‍ വയലിന്‍ സംഗീതമാണ്. ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേര്‍ത്തു പിടിച്ച്‌ കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു.
ഇന്നും മായാത്ത ഓര്‍മ്മ

ഒക്ടോബര്‍ രണ്ട് കലാലോകത്തിന് കണ്ണീര്‍ ഓര്‍മകളുടെ ദിനമാണ്. ബാലഭാസ്കറും കുടുംബവും  വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബര്‍ 25ന് കേരളം ഉണര്‍ന്നത്. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നു. എന്നാല്‍ പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ട് നാടിനെ കണ്ണീരണിയിച്ചു. ബാലഭാസ്കറിനെ കുറിച്ച്‌ എഴുതിയും പറഞ്ഞും ഇനിയും മതിയായില്ലേ എന്നു ചോദിക്കുന്നവരോട് ഒരു ഉത്തരമേ പ്രിയപ്പെട്ടവര്‍ക്കുള്ളൂ. ‘ഇല്ല. ഒരു ജന്‍മത്തിന്റെ ഓര്‍മകള്‍ സമ്മാനിച്ചാണ് ബാലു മടങ്ങിയത്. ആ ഓര്‍മകള്‍ക്കു മരണമില്ല’. പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിന്‍ എന്നാല്‍ ബാലഭാസ്കര്‍ എന്നൊരു നിര്‍വചനം കൂടിയുണ്ടാകും. കാരണം ബാലഭാസ്കറിനെ ഓര്‍ക്കുമ്ബോള്‍ തന്നെ ഒരു ഫ്രെയിമില്‍ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും.

മൂന്നാം വയസില്‍ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിന്‍. പിന്നീട് അത് ജിവിതത്തോട് ഇഴചേര്‍ന്നു, ശരീരത്തിലെ ഒരവയവം എന്നപോലെ. ബാലഭാസ്കറിന്റെ കയ്യില്‍ നിന്നാകും പലരും വ്യത്യസ്തമായ വയലിനുകള്‍ കാണുന്നത്. വേദികളില്‍ ബാലു ഇന്ദ്രജാലം തീര്‍ക്കുമ്ബോള്‍ ആ നിര്‍വൃതിയില്‍ കണ്ണുനിറയുന്ന എത്രയോ കാണികളുണ്ട്. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തില്‍ ആദ്യമായി ഇലക്‌ട്രിക് വയലിന്‍ പരിചയപ്പെടുത്തിയത് ബാലഭാസ്കര്‍ ആയിരുന്നു. ഫ്യൂഷന്‍ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളില്‍ വിരിഞ്ഞത്. എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന സുന്ദര ഗാനങ്ങള്‍ ബാലു വയലിനില്‍ മീട്ടുമ്ബോള്‍ കേള്‍ക്കുന്നവര്‍ അതില്‍ അലിഞ്ഞ് ഇല്ലാതെയാകുന്നു.

എത്ര സങ്കീര്‍ണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്കര്‍ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന വിശേഷണവും ബാലഭാസ്കറിന് സ്വന്ത‌മായതും ആ അനായാസ ഭാവം കാരണമാകും. ‘മംഗല്യപ്പല്ലക്ക്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കുമ്ബോള്‍ പ്രായം 17. ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍. എന്നാല്‍ വെള്ളിത്തിര ഒരിക്കലും ബാലഭാസ്കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകള്‍ തന്നെയായിരുന്നു ബാലുവിന്‍റെ സ്വപ്നം. യേശുദാസ്, കെ.എസ് ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖര്‍ക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകള്‍ പിന്നിട്ടു. 40 വയ്സ്സിനുള്ളില്‍ ഒരു കലാകാരന്‍ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു.

കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കര്‍ വേദിയില്‍ സംഗീതത്തിന്റെ മായാലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്ബാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്ബരപ്പിച്ച കലാകാരനാണ് ഇപ്പോള്‍ അറിയുന്ന ഓരോരുത്തരുടെയും മനസില്‍ നോവായി മടങ്ങിയത്. മരണശേഷം ആണ് ഓരോ മലയാളിക്കും അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് മലയാളം തന്നെ തിരിച്ചറിയുന്നത്. ഇപ്പോള്‍ ആ വയലിന്‍ സംഗീതം കേള്‍ക്കുമ്ബോള്‍ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച്‌ വയലിന്‍ മാറോടണച്ച്‌ ബാലഭാസ്കര്‍ മടങ്ങിയപ്പോള്‍ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്. അദ്ദേഹത്തിന്റെ ഈ ഓര്‍മദിനവും കണ്ണീര്‍ദിനമാകുന്നു.