കോട്ടയം:  നാടിനെ നടുക്കിയ നിഥിന കൊലപാതകത്തില്‍ ബ്ലേ‍ഡ് ഒരാഴ്ച മുന്‍പ് വാങ്ങിയെന്ന് പ്രതി അഭിഷേക് മൊഴി നല്‍കിയതായി പൊലീസ്. പേപര്‍ കടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു.

അതേസമയം നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ബ്ലേഡ് വാങ്ങിയ കടയിലും കോളജിലും പ്രതിയെ എത്തിച്ച്‌ തെളിവെടുക്കും.

 

ഇയാളെ ഒരുദിവസം കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനിച്ചു. അഭിഷേക് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പെടെയാണ് തെളിവെടുപ്പിനായി പരിശോധിക്കുക. കൃത്യം നടത്താന്‍ അഭിഷേകിന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും അന്വേഷിക്കും.

വെള്ളിയാഴ്ച രാവിലെ 11. 30 ഓടെയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിയെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു.