വ്യാജ പുരാവസ്തുക്കളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ വാര്‍ത്തയായ ഇക്കാലത്ത് ഒരു പ്രേതഭവനം വില്‍പ്പനക്കെന്ന വാര്‍ത്ത കൗതുകത്തോടെയാകും നമ്മള്‍ കാണുന്നത്. 2013 ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റു സിനിമകളില്‍ ഒന്നായ കണ്‍ജറിംഗിലൂടെ ശ്രദ്ധ നേടിയ ഫാം ഹൗസ് ആണ് വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലന്റില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രേതഭവനം ലോകത്തെ ഭീതിയിലാഴ്‌ത്തിയ സുപ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ്. സിനിമയിലൂടെ ആളുകളുടെ മനസ്സില്‍ ഭീതി നിറച്ച ഈ ഫാം ഹൗസില്‍ യഥാര്‍ത്ഥത്തില്‍ പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

റിയല്‍ ലൈഫ് കണ്‍ജുറിംഗ് എന്ന വിളിപ്പേരുള്ള റോഡ് ഐലന്റിലെ ഫാം ഹൗസ് 1.2 മില്യണ്‍ ഡോളറിനാണ് വില്‍പ്പനയ്‌ക്കുവെച്ചിരിക്കുന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ മോട്ട് ആന്‍ഡ് ചേസ് സോതെബിയാണ് 14 മുറികളുള്ള വീടിന്റെ വില്‍പ്പനക്കാര്‍ . ഏട്ട് ഏക്കറോളം വരുന്ന ഭൂമിയില്‍ സ്ഥിതിചെയ്യുന്ന 3,100 ചതുരശ്ര അടി ഉയരമുള്ള വീടിന്റെ പരിസരങ്ങളില്‍ പോലും താമസിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നു എന്നതാണ് വാസ്തവം.

1971 ല്‍ ഈ വീടിനുള്ളില്‍ നടന്നതെന്ന് രീതിയില്‍ പ്രചരിക്കുന്ന സംഭവ വികാസങ്ങളാണ് ആളുകളില്‍ ഭയം നിറയ്‌ക്കുന്നത്. ഇവിടെ താമസം ആരംഭിച്ച പെറോണ്‍ കുടുംബത്തിലെ ഏഴ് കുട്ടികള്‍ അതി ദാരുണമായി കൊല്ലപ്പെട്ടു. ഫാം ഹൗസില്‍ പെറോണിന് നേരിടേണ്ടിന്ന അനുഭവങ്ങളാണ് കണ്‍ജറിംഗ് എന്ന സിനിമയിലൂടെ സംവിധായകന്‍ അനാവരണം ചെയ്തതെന്നാണ് പറയപ്പെടുന്നത്. മറ്റൊരു വീട്ടിലാണ് കണ്‍ജറിംഗ് ചിത്രീകരിച്ചതെങ്കിലും ഈ സിനിമ പുറത്തുവന്നതിന് ശേഷമാണ് റോഡ്‌ഐലന്റ് ഫാം ഹൗസ് ലോകശ്രദ്ധ നേടാന്‍ ആരംഭിച്ചത്.

റെഡ് ഐലന്റ് ഫാം ഹൗസുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യവും ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. 1800 കളുടെ മദ്ധ്യത്തില്‍ ഇവിടെ താമസിച്ചിരുന്ന ബത്‌ഷെബ എന്ന സ്ത്രീയുടെ ആത്മാവാണ് ഈ വീട്ടിലെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിശ്വസിക്കുന്നത്. മന്ത്രവാദിയായിരുന്ന ഇവരെ മരണ ശേഷം അടക്കം ചെയ്തിരിക്കുന്നത് ഈ വീടിന് സമീപമാണ്. ബത്‌ഷെബയുടെ ആത്മാവ് ഇപ്പോഴും വീട്ടിലും പരിസരങ്ങളിലുമായി അലഞ്ഞു തിരിയുന്നുണ്ടെന്നുമാണ് ആളുകള്‍ വിശ്വസിക്കുന്നത്. പെറോണ്‍ കുടുംബം ഇവിടേയ്‌ക്ക് എത്തുന്നതിന് മുന്‍പും നിരവധി മരണങ്ങള്‍ ഈ വീട്ടില്‍ സംഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതെല്ലാം മറച്ചുവെച്ചാണേ്രത പെറോണിന് ഉടമ വീട് വിറ്റത്.

ഒരാള്‍ ഭയന്ന് മരിക്കാന്‍ തക്കവണ്ണമുള്ള പല വിചിത്ര സംഭവങ്ങളാണ് ഈ വീട്ടില്‍ സംഭവിക്കുന്നത്. വാതിലുകള്‍ തനിയെ തുറക്കുകയും കിടക്കകള്‍ തനിയെ ഇളകുകയും ചെയ്യുന്നു. പല രാത്രികളിലും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കാലൊച്ചയും ഇവിടെ നിന്നും കേള്‍ക്കാം. എല്ലാ ദിവസം 5.15 ന് ചീഞ്ഞ മത്സ്യത്തിന്റെ ദുര്‍ഗന്ധവും വീടിനുള്ളില്‍ നിന്നും വമിക്കാറുണ്ടെന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വീട്ടില്‍ താമസിച്ച ചിലര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ചിലര്‍ മുങ്ങിമരിക്കുകയും, മറ്റ് ചിലര്‍ തൂങ്ങിമരിക്കുകയും ചെയ്തു.

ഇന്ന് പാരാനോര്‍മല്‍ ആക്ടിവിസ്റ്റുകളുടെയും അന്വേഷകരുടെയും താവളമാണ് ഇവിടം. 2019 ല്‍ ഫാം ഹൗസ് അവസാനമായി വിറ്റപ്പോള്‍ വാങ്ങിയത് പാരാനോര്‍മല്‍ അന്വേഷകനായ കോറി ഹെന്‍സനാണ്. അദ്ദേഹവും കുടുംബവുമാണ് ഇവിടെ നിലവില്‍ താമസിക്കുന്നത്. അടുത്തിടെ റോഡ്‌ഐലന്റ് ഫാം ഹൗസില്‍ താമസിക്കുവാനുള്ള അവസരവും അദ്ദേഹം ആളുകള്‍ക്കായി ഒരുക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹെന്‍സനും കുടുംബവും ഇവിടെ സുരക്ഷിതരായി താമസിക്കുകയാണ്. ഇതിന് മുന്‍പ് ഇവിടെ താമസിച്ചവരും അനിഷ്ടസംഭവങ്ങള്‍ നടന്നതായി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. അങ്ങിനെയെങ്കില്‍ ആരാണ് റോഡ്‌ഐലന്റ് ഫാം ഹൗസുമായി ബന്ധപ്പെട്ട് പ്രേതകള്‍ പടച്ചുവിടുന്നത്? എന്താണ് ഇതിന് പിന്നിലെ ഉദ്ദേശം? ഇത് രണ്ടും ഏക്കറുകളോളം പരന്നുകിടക്കുന്ന റോഡ്‌ഐലന്റ് ഫാം ഹൗസ് പോലെ തന്നെ ദുരൂഹത നിറയ്‌ക്കുന്നു.