പാലാ: സെന്റ് തോമസ് കോളജ് കാമ്ബസില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ ഞെട്ടിത്തരിച്ച്‌ ദൃക്‌സാക്ഷികള്‍. ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് ക്രൂരകൃത്യം നടന്നതെന്ന് കാമ്ബസിലെ സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. പരീക്ഷ കഴിഞ്ഞ് നിധിന പുറത്തിറങ്ങിയപ്പോഴാണ് പ്രതി അഭിഷേക് ബൈജു കൊല നടത്തിയത്.

സംഭവത്തെ കുറിച്ച്‌ സെക്യൂരിറ്റി ജീവനക്കാരനായ കെ.ടി ജോസ് പറയുന്നതിങ്ങനെ;

‘ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് ചെന്നു. ഇവരെ പറഞ്ഞുവിട്ടാല്‍ മതിയല്ലോ. അപ്പോള്‍ അവന്‍ കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച്‌ താഴെയിരുത്തി. അന്നേരം ചോര ചീറ്റുന്നത് കണ്ടു. അപ്പോ രണ്ട് ആണ്‍പിള്ളേര് ഓടിവന്നു പറഞ്ഞു- ചേട്ടാ അവനെ വിടരുത്, അവന്‍ കൊച്ചിന്റെ കഴുത്തിനിട്ട് വെട്ടിയെന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് പ്രിന്‍സിപ്പാളിനെ ഫോണില്‍ വിളിച്ചു. കത്തിയെടുക്കുന്നതൊന്നും കണ്ടില്ല. കത്തി കളയുന്നത് കണ്ടു. പയ്യന് ഒരു കൂസലുമില്ലാതെ കൈയിലെ ചോര തൂത്തുകളഞ്ഞ് പുല്ലിലിട്ട് ഉരസി, കയ്യാലയില്‍ കയറിയിരുന്നു. രക്ഷപ്പെടാനുള്ള ശ്രമമൊന്നും നടത്തിയില്ല. ഇവിടന്ന് കൊണ്ടുപോകുമ്ബോള്‍ കുട്ടിയൊന്ന് അനങ്ങി.”

മറ്റൊരു ദൃക്‌സാക്ഷി ബിജു  പറഞ്ഞത്;

‘ഒരാളുടെ ആക്രോശം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. കൃത്യം നടത്തിയ ശേഷം പ്രതി കോണ്‍ക്രീറ്റ് സമീപത്തെ കോണ്‍ക്രീറ്റ് ബഞ്ചില്‍ ഇരുന്നു. പൊലീസ് വന്നപ്പോള്‍ കുട്ടികള്‍ അവനെ ചൂണ്ടിക്കാണിച്ചു. പൊലീസിന്റെ വാഹനത്തിലേക്ക് ഒരു മടിയും കൂടാതെ കയറിപ്പോയി. പരീക്ഷ കഴിഞ്ഞ് കുറച്ചു കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഓഫീസില്‍ നിന്ന് അധ്യാപകരും ഓടിയെത്തിയിരുന്നു. കുട്ടിയെ ഇവിടെ നിന്ന് എടുക്കുമ്ബോള്‍ അനക്കമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്ബോള്‍ തന്നെ മരിച്ചിരുന്നു. കഴുത്തില്‍ ആഴമേറിയ മുറിവാണ് ഉണ്ടായിരുന്നു. ഒരു ഭാഗം തുരന്നു പോയിരുന്നു. കുട്ടി ഒച്ച വച്ച ശേഷമാണ് ഞങ്ങള്‍ ഓടിയെത്തിയത്.’

നടന്നത് പ്രണയപ്പക

കൊല്ലപ്പെട്ട പെണ്‍കുട്ടിയും അഭിഷേകും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. രാവിലെ ഒമ്ബതരയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി കോളജിലെത്തിയത്. ഇരുവരും ഒരേ ഹാളിലാണ് പരീക്ഷയെഴുതിയത്. 11.10ന് അഭിഷേക് പരീക്ഷ കഴിഞ്ഞ് പുറത്തുപോയി. അഞ്ചു മിനിറ്റിന് ശേഷം നിധിനയും പുറത്തെത്തി. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതും അഭിഷേക് ക്രൂരകൃത്യം നടത്തിയതും. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം നിധിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല’

കൊലപാതകം നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് കൈഞരമ്ബ് മുറിച്ച്‌ പേടിപ്പിക്കാനാണെന്നുമാണ് പ്രതി അഭിഷേക് ബൈജു പൊലീസില്‍ മൊഴി നല്‍കിയത്. രണ്ടും വര്‍ഷമായി പ്രണയത്തിലായിരുന്ന തന്നോട് അടുത്തിടെ അകല്‍ച്ച കാണിച്ചതാണെന്ന് അനിഷ്ടമുണ്ടാകാന്‍ കാരണമെന്നും പ്രതി പറഞ്ഞു.

അഭിഷേകും നിധിനയും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച്‌ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷ കഴിഞ്ഞ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച്‌ പരിഹരിക്കാന്‍ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൈയ്യില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്തറുത്തത്.

നിധിനയ്ക്ക് എന്തെങ്കിലും ഭീഷണിയുള്ളതായി അറിയില്ലായിരുന്നുവെന്ന് അമ്മാവന്‍ പറഞ്ഞു. തന്റെ മോനും ഇതേ കോളജിലാണ് പഠിക്കുന്നതെന്നും പ്രശ്നങ്ങളുണ്ടായിരുന്നതായി പെണ്‍കുട്ടിയോ അമ്മയോ പറഞ്ഞിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും അറിയിക്കാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കൊച്ചിന് നീതി കിട്ടണം’

തന്റെ കൊച്ചിന് നീതി കിട്ടണമെന്ന് കൊല്ലപ്പെട്ട നിധിനയുടെ അമ്മ പറഞ്ഞു. മകളും അമ്മയും മാത്രം താമസിക്കുന്ന വീട്ടില്‍ നിന്ന് രാവിലെ ഏഴുമണിക്ക് ഇരുവരും ഒന്നിച്ചാണ് ഇറങ്ങിയിരുന്നത്. മകള്‍ കേളേജിലേക്കും അമ്മ ചികിത്സ സംബന്ധമായ കാര്യത്തിനും പോകുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് തിരിച്ചുപോകാറുമുണ്ടായിരുന്നത്.

തയ്യല്‍ ജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയിരുന്നത്. വീട് ഈയടുത്ത കാലത്ത് സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ നിര്‍മിച്ചതാണ്. നാട്ടില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു നിധിന.