ന്യുഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റൈന്‍ വേണമെന്നാണ് തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇത് അംഗീകരിക്കാന്‍ യു കെ തയാറായിരുന്നില്ല. ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തി തീരുമാനം. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ 72മണിക്കൂര്‍ മുമ്ബെടുത്ത കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിക്കണമെന്ന് നിബന്ധനയില്‍ പറയുന്നു.