ന്യൂഡൽഹി: എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്. എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസ് ആണ് വിജയിച്ചതെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് ബിഡ്ഡുകൾ പരിശോധിച്ചത്.

ടെൻഡർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 67 വർഷങ്ങൾക്ക് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തുന്നത്. ടാറ്റാ ഗ്രൂപ്പും സ്‌പെയ്‌സ് ജെറ്റ് സ്ഥാപകൻ അജയ് സിംഗുമായിരുന്നു എയർ ഇന്ത്യയെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നത്. സർക്കാർ നിശ്ചയിച്ച റിസർവ് തുകയേക്കാൾ 3000 കോടി അധികമാണ് ടാറ്റ സമർപ്പിച്ച ലേലത്തുകയെന്നാണ് റിപ്പോർട്ടുകൾ.

2007 മുതൽ നഷ്ടത്തിലാണ് എയർ ഇന്ത്യ. നിലവിൽ 60,000 കോടിയുടെ കടബാധ്യതയുണ്ട്. പ്രതിദിനം 20 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് എയർ ഇന്ത്യ കാരണമുണ്ടാകുന്ന നഷ്ടമെന്ന് വ്യോമയാന മുൻ മന്ത്രി ഹർദിപ് സിങ് പുരി പറഞ്ഞിരുന്നു.