ന്യൂഡൽഹി: രാജ്യമൊട്ടാകെ നടക്കുന്ന ശൂചീകരണ ദൗത്യം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. സ്വച്ഛഭാരത്- അമൃത് പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചത്. മാലിന്യ രഹിത ജലാശയവും നഗരങ്ങളും എന്ന ദൗത്യമാണ് വരും നാളുകളിൽ വ്യാപകമായി നടത്തേണ്ടതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാറിന്റെ രണ്ടു പ്രധാന പദ്ധതികളായ ശുദ്ധജലം, മാലിന്യമുക്ത നഗരം എന്നിവയുടെ പ്രവർത്തന പദ്ധതിക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.

രാജ്യം ഇന്ന് ഡോ. അംബേദ്ക്കറുടെ സ്വപ്‌നമായിരുന്ന രണ്ടു ദൗത്യം ഏറ്റെടുക്കുകയാണ്. സാമൂഹ്യപരിക്കരണ രംഗത്ത് നഗരവികസനത്തെപ്പറ്റി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് നാം പ്രാധാന്യം കൊടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാലിന്യമുക്ത നഗരവും ശുദ്ധജല ലഭ്യതയും അംബേദ്ക്കറുടെ സ്വപ്നമായിരുന്നെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

രണ്ടാം സ്വച്ഛഭാരത് മിഷൻ നഗരപ്രദേശം മാലിന്യമുക്തമാക്കലിനാണ് ഊന്നൽ നൽകുന്നത്. ഒപ്പം നഗരത്തിലെ ജലം എന്നും ശുദ്ധമായിരിക്കേണ്ടതും ആവശ്യമാണ്. മാലിന്യം നിറഞ്ഞ ഓടകളെന്നും നമ്മുടെ നാട്ടിലെ ശാപമാണ്. അവ നദികളെയും സമുദ്രത്തേയും മലിനമാക്കുന്നു. സ്വച്ഛഭാരത മിഷന്റെ രണ്ടാംഘട്ടത്തിൽ നമ്മുടെ മുഴുവൻ നഗരങ്ങളെല്ലാം മാലിന്യമുക്തമാക്കുവാനാണ് കേന്ദ്രസർക്കാർ തീരൂമാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഇന്ന് ഒരു ദിവസം ഒരു ലക്ഷം ടൺ മാലിന്യമാണ് സംസ്‌ക്കരിക്കുന്നത്. 2014ൽ സ്വച്ഛഭാരത യജ്ഞം ആരംഭിക്കുമ്പോൾ കേവലം 20 ശതമാനം മാലിന്യമാണ് സംസ്‌ക്കരിക്ക പ്പെട്ടിരുന്നത്. ഇന്ന് അത് 70 ശതമാനം എന്ന നിലയിലേക്ക് ഉയർന്നുവെന്നും അടുത്ത ഘട്ടത്തിൽ നൂറുശതമാനം ആയി മാറുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.