ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെല്ലുവിളി ഉയർത്താൻ രാഹുൽ ഗാന്ധി ഉൾപ്പെടെ കോൺഗ്രസിൽ ആരുമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ നട്‌വർ സിംഗ്. പ്രധാനമന്ത്രിക്ക് വെല്ലുവിളി ഉയർത്താൻ രാഹുൽഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ പ്രധാനമന്ത്രിക്ക് ഒരു വെല്ലുവിളിയാകാൻ രാഹുൽഗാന്ധിക്ക് കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പ്രധാനമന്ത്രിക്ക് മുന്നിൽ നേരെ നിൽക്കാൻ അദ്ദേഹത്തിന് കഴിയുമോ? പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിൽ ഒരു സംവാദം സംഘടിപ്പിക്കൂ. രാഹുലിന്റെ അഭിമുഖങ്ങൾ ചാനലുകളിൽ കണ്ടിട്ടില്ലേ. മോദി നല്ലൊരു പ്രഭാഷകനാണ്. അദ്ദേഹത്തിന് നല്ല മനക്കട്ടിയാണ്, ആരേയും ഭയവുമില്ല. രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രിക്കെതിരെ ഒന്നും ചെയ്യാനാകില്ല. മോദിക്കൊരു പ്രതിയോഗിയായി മാറാൻ തക്ക ആരും കോൺഗ്രസിലില്ലെന്നും’ നട്‌വർ സിംഗ് പറഞ്ഞു.

പാർട്ടിയുടെ ഇന്നത്തെ ദയനീയ അവസ്ഥയ്‌ക്ക് കാരണം ഗാന്ധി കുടുംബമാണെന്നും നട്‌വർ സിംഗ് ആരോപിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. എവിടെയെങ്കിലും കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് കരുതുന്നില്ല. ഒന്നിനേക്കുറിച്ചും കൃത്യമായ നിലപാട് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. പ്രിയങ്കയും രാഹുലും സോണിയയും മാത്രം ചേർന്നതാണ് ഇപ്പോൾ പാർട്ടി. പാർട്ടിയുടെ അടിത്തറ ഇളകിയതിൽ രാഹുലിന് വലിയൊരു പങ്കുണ്ട്. രാഹുൽ നല്ലൊരു നേതാവല്ല. പാർട്ടിയുടെ ഒരു സ്ഥാനവും രാഹുൽ വഹിക്കുന്നില്ല. എന്നാലും പാർട്ടിയിലെ പല കാര്യങ്ങളും നിയന്ത്രിക്കുന്നു. ഈ മൂന്ന് പേരുമാണ് യഥാർത്ഥത്തിൽ പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരെന്നും’ നട്‌വർ സിംഗ് പറഞ്ഞു.