അമ്ബലപ്പുഴ: സമ്മേളന പ്രതിനിധിയെ കാണാതായതിനെത്തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു. ഇന്നലെ നടത്താനിരുന്ന തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് കമ്മിറ്റിയംഗം തോട്ടപ്പള്ളി പൊരിയന്റെ പറമ്ബില്‍ സജീവിനെ കാണാതായതിനെത്തുടര്‍ന്ന് മാറ്റി വെച്ചത്. ബുധനാഴ്ച ഉച്ചക്കു ശേഷമാണ് മത്സ്യത്തൊഴിലാളി കുടിയായ സജീവിനെ കാണാതായത്. ഉച്ചക്ക് ഒന്നോടെ ഇദ്ദേഹം പുറക്കാട് പുത്തന്‍ നടയില്‍ ഓട്ടോറിക്ഷയിലിറങ്ങുന്നത് കണ്ടിരുന്നു.ഇതിന് ശേഷമാണ് കാണാതായത്.

വിഭാഗീയത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഒരു കേന്ദ്രമാണ് തോട്ടപ്പള്ളി. സുധാകര പക്ഷത്തോട് അടുത്തു നില്‍ക്കുന്ന ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചത്. കാണാതായ സജീവ് മുന്‍ വിഎസ് പക്ഷക്കാരനാണ്. വിഎസ് പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഇവിടെ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ സമ്മേളന നടപടികള്‍ ആരംഭിക്കാനിരിക്കെ കാണാതായത് വിഭാഗീയതക്കും വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്.

പുതുതായി രുപം കൊണ്ട ഗ്രൂപ്പിലേക്ക് സജീവിനെ ക്ഷണിച്ചിരുന്നു.ഇതിന്റെ ഭാഗമായി രണ്ട് നേതാക്കള്‍ രണ്ട് ദിവസം മുന്‍പ് സജീവിന്റെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായി വിവരമുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനായി സജീവിനെ മാറ്റി നിര്‍ത്തിയതാകാമെന്നും സൂചനയുണ്ട്. സജീവിനെ കാണാതായതിനെക്കുറിച്ച്‌ ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് അമ്ബലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.