ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന കെടി ജലീലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ബന്ധുനിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയും ചെയ്തു. ലോകായുക്ത റിപ്പോര്‍ട്ടില്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെടി ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കെടി ജലീലിന്റെ ആവശ്യം നിരാകരിച്ചത്. ലോകായുക്ത റിപ്പോര്‍ട്ടില്‍ സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ജലീലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ആബിദിന്റെ നിയമനത്തിന് മുന്‍പ് ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ രണ്ട് ജനറല്‍ മാനേജര്‍മാരുടെ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചില്ലെന്ന് ജലീലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇവിടെ ബന്ധുനിയമനമാണ് ഉണ്ടായിരിക്കുന്നതെന്ന് കോതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

്‌അബിദിന്റെ നിയമനത്തിന് മുന്‍പ് 37 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് ലോണ്‍ അനുവദിച്ചിരുന്നുവെന്നും ലോണിന്റെ തിരിച്ചടവ് ഇല്ലാത്തതിനെ തുടര്‍ന്ന് നിയമനടപടി സ്വീകരിക്കാന്‍ ആരംഭിച്ചതാണ് ഈ പരാതിക്ക് കാരണമെന്ന് ജലീലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇത് ബന്ധുനിയമനവിഷയമാണെന്നും ഇത് ഭരണഘടാ വിരുദ്ധമാണെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു വ്യക്തമാക്കുകയും ചെയ്തു. ജലീലിന്റെ ഹര്‍ജി തളളുന്നതായി കോടതി അറിയിച്ചു.