ഹൈദരാബാദ് : തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ സൗജന്യ ദർശനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഭക്തരും , തിരുമല തിരുപ്പതി സംരക്ഷണ സമിതിയും . ലോക് ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ തിരുപ്പതി ക്ഷേത്രം തുറന്നുവെങ്കിലും സൗജന്യ ദർശനം ആരംഭിച്ചിരുന്നില്ല .

ക്ഷേത്ര വരുമാനം മുന്നിൽ കണ്ട് മറ്റെല്ലാ ദർശനങ്ങളും , വഴിപാടുകളും ആരംഭിച്ചതായും സൗജന്യ ദർശനത്തിനു മാത്രമാണ് ആന്ധ്രാപ്രദേശ് സർക്കാർ നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ ടിടിഎസ്എസ് ജോയിന്റ് സെക്രട്ടറി ആർ. വിശ്വനാഥ് ആരോപിച്ചു.

സൗജന്യ ദർശനം ആരംഭിച്ചാൻ കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സർക്കാർ വാദം പ്രതിഷേധക്കാർ തള്ളിക്കളഞ്ഞു. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ ദർശനം അനുവദിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാകുമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും ഭക്തർ ചോദിച്ചു.

സാധാരണക്കാർ മുതൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി വരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വൈറസ് ബാധിച്ചുവെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി . സർക്കാർ തീരുമാനത്തിനെതിരെ ഭക്തരും ടിടിഎസ്എസ് ഒരുമിച്ച് രംഗത്തെത്തിയതോടെ നാല് ദിവസത്തിനകം സൗജന്യ ദർശനം ഏർപ്പെടുത്താമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പ് നൽകി .