നേമം: യുവതിയെ രണ്ടാം ഭര്‍ത്താവ് ആസിഡ് ഒഴിച്ച്‌ പൊള്ളലേല്‍പ്പിച്ചു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വട്ടിയൂര്‍ക്കാവ് മരുതംകുഴി സ്വദേശി ലക്ഷ്മി (32) ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

വ്യാഴാഴ്ച പകലായിരുന്നു സംഭവം. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം നാലുവര്‍ഷമായി രണ്ടാം ഭര്‍ത്താവ് ബിജുവുമൊത്ത് പത്തനംതിട്ട സീതത്തോട് ഭാഗത്തായിരുന്നു യുവതി താമസിച്ചുവന്നിരുന്നത്. അതിനുശേഷം വിളപ്പില്‍ശാല സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വള്ളൂര്‍ ഭാഗത്തെ വാടകവീട്ടില്‍ താമസം തുടങ്ങി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദമ്ബതികള്‍ തമ്മില്‍ അസ്വാരസ്യം ഉണ്ടാകുകയും ഇവര്‍ വെവ്വേറെ താമസിച്ചുവരികയുമായിരുന്നു. ഇതിനിടെ വാടകവീട്ടില്‍ സൂക്ഷിച്ച യുവതിയുടെ സാധനസാമഗ്രികള്‍ എടുത്തു കൊണ്ടുപോകാന്‍ എത്തണമെന്ന് ബിജു ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരം ചൊവ്വള്ളൂരിലെ വാടക വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

പ്രകോപിതനായ ബിജു ലക്ഷ്മിയെ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും കൈവശമുണ്ടായിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ മുഖത്തിനും വയറിനും കാലുകള്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല.

ബിജുവിനെ കണ്ടെത്താന്‍ വിളപ്പില്‍ശാല പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.