ന്യൂഡല്‍ഹി : രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊറോണ കേസുകള്‍ മറച്ചുവെക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പരിശോധനകളുടെ എണ്ണം കുറയ്‌ക്കുകയാണ് ചെയ്തത്.

കണക്ക് പ്രകാരം നിലവില്‍ 1,44,000 രോഗികളാണ് കേരളത്തിലുള്ളത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലെ 52 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. മഹാരാഷ്‌ട്രയില്‍ 40,000 സജീവ കേസുകളാണ് നിലവിലുള്ളത്. തമിഴ്‌നാട്ടില്‍ 17,000, മിസോറമില്‍ 16,800, കര്‍ണാടകയില്‍ 12,000, ആന്ധ്ര പ്രദേശില്‍ 11,000 എന്നിങ്ങനെയാണ് സജീവ രോഗികളുടെ എണ്ണം. കൊറോണ സജീവ കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്തെ ഉത്സവ സീസണ്‍ ആരംഭിക്കുകയാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഐസിഎംആര്‍ മേധാവി ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അനാവശ്യമായ തിരക്ക് ഒഴിവാക്കുകയും സാമൂഹിക അകലം മാസ്‌ക് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യണം. രാജ്യത്ത് ഇതുവരെ 88 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഒക്ടോബര്‍ മാസത്തോടെ അത് വര്‍ദ്ധിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.