ഷില്ലോങ്: മേഘാലയയില്‍ 21 യാത്രക്കാരുമായി പോയ ബസ് നദിയില്‍ വീണ് ആറ് പേര്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ തുറയില്‍നിന്ന് ഷില്ലോങ്ങിലേക്ക് പോവുകയായിരുന്ന ബസ്സാണ് നോങ്ക്രാമിലെ റിങ്ദി നദിയിലേക്ക് പതിച്ചത്. ദുരന്തബാധിതരെ സഹായിക്കാനായി രക്ഷാസംഘവും അടിയന്തര സേവനങ്ങളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്.

നാല് മൃതദേഹങ്ങള്‍ നദിയില്‍നിന്ന് പുറത്തെടുക്കുകയും രണ്ട് മൃതദേഹങ്ങള്‍ ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ എന്‍ഡിടിവിയോട് പറഞ്ഞു. 16 യാത്രക്കാരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. മരിച്ചവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു.