പാലക്കാട്: ദേശീയ ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത മഹോത്സവ് ‘പരിപാടിക്ക് സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പനെ ആദരിച്ച്‌ കൊണ്ട് തുടക്കമായി. രാജ്യത്ത് സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുമ്ബോള്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ആദരിക്കുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. എടത്തറയിലെ പി.വി കണ്ണപ്പന്റെ വസതിയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ.മണികണ്ഠന്‍ അധ്യക്ഷനായി.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷിക വേളയില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് രാജ്യത്താകമാനം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ സ്വാതന്ത്ര സമരസേനാനിയെ ആദരിച്ചത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ള സ്വാതന്ത്ര്യ സമരസേനാനികളെയും ആദരിക്കും.

ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയാണ് എടത്തറ സ്വദേശി പി.വി കണ്ണപ്പന്‍. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം അടുത്ത കാലത്ത് വരെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. 93 വയസ്സായ പി.വി കണ്ണപ്പന്‍ നിലവില്‍ എടത്തറയില്‍ മകന്റെ കൂടെ വിശ്രമ ജീവിതത്തിലാണ്.

പരിപാടിയില്‍ പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ് കുമാര്‍, വാര്‍ഡ് അംഗം ലക്ഷ്മണന്‍, പി.വി ചാമുണ്ണി, പാലക്കാട് ഡി.വൈ.എസ്.പി ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ കമാന്റന്റ് കപില്‍ വര്‍മന്‍, ഡെപ്യൂട്ടി കമാന്റന്റ് രാജന്‍ ബാലു എന്നിവര്‍ എന്‍.ഡി ആര്‍.എഫിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തു.