ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി കൂടിക്കാഴ്ച നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെത്തിയ അമരീന്ദര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്ബ് അദ്ദേഹം ബിജെപിയില്‍ ചേരുമോ എന്ന കാര്യം വ്യക്തമല്ല. അതിനിടെയാണ് ക്യാപ്റ്റന്‍ വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിയ്‌ക്കുന്നത് .

പഞ്ചാബില്‍ നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ജി-23 നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന് നാഥനില്ലെന്നും ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച്‌ സിബല്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തയച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

അതെ സമയം അമിത് ഷായും അമരീന്ദറും തമ്മില്‍ നടത്തിയ ഒരു മണിക്കൂര്‍നീണ്ട ചര്‍ച്ചയെക്കുറിച്ച്‌ ബി.ജെ.പി. വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കി. കര്‍ഷക സമരത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്ന് അമരീന്ദര്‍ പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബിലെ ആഭ്യന്തര സുരക്ഷയെപ്പറ്റിയും ചര്‍ച്ചചെയ് തതായും അദ്ദേഹം പറഞ്ഞു .