തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത ആറ്റിങ്ങല്‍ കലാപത്തെ സംബന്ധിച്ച്‌ വിവാദം. ആറ്റിങ്ങല്‍ കലാപം അല്ലെന്നും അഞ്ചുതെങ്ങ് കലാപമാണെന്നും ഒരുകൂട്ടര്‍ വാദിക്കുമ്ബോള്‍ ചരിത്രത്തില്‍ ആറ്റിങ്ങല്‍ കലാപം എന്നാണെന്നും പേരു മാറ്റാന്‍ അനുവദിക്കില്ലെന്ന് മറു വിഭാഗവും പിടിമുറുക്കുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആള്‍ട്ടീരിയ മൂന്നാം ഭാഗത്തില്‍ ബൈപ്പാസ് റോഡില്‍ ആക്കുളത്തെ കൂറ്റന്‍ മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. 9000 സ്‌ക്വയര്‍ഫീറ്റിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ തദ്ദേശീയര്‍ പൊരുതുന്ന ചിത്രങ്ങള്‍ വരച്ചത്. ചിത്രരചന പൂര്‍ത്തിയാക്കിയ ശേഷം ആറ്റിങ്ങല്‍ കലാപം എന്ന തലക്കെട്ടിനു താഴെ അഞ്ചുതെങ്ങ് പ്രതിരോധം എന്നെഴുതി ലഘുവിവരണവും രേഖപ്പെടുത്തി. ഇതോടെ വിവാദവും ഉടലെടുത്തു. ആറ്റിങ്ങല്‍ കലാപത്തെ അഞ്ചുതെങ്ങ് കലാപമാക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തു വന്നു.

ആറ്റിങ്ങല്‍ നഗരസഭയും എംഎല്‍എയും ചരിത്രകാരന്മാരും രംഗത്ത് വന്നതോടെ വീണ്ടും ആറ്റിങ്ങല്‍ കലാപം മാത്രമായി. എന്നാല്‍ അഞ്ചുതെങ്ങിലെ ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ടൂറിസം മന്ത്രിക്ക് പരാതി നല്കി. ഇതോടെ ചിത്രത്തിന്റെ അടിക്കുറിപ്പ് വീണ്ടും മാറ്റി. പകരം അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും കൂട്ടിയിണക്കി കലാപത്തെക്കുറിച്ച്‌ ഏതാനും വരികള്‍ എഴുതി സര്‍ക്കാര്‍ തടിയൂരി. അതേസമയം നാട്ടുകാര്‍ ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ ചിത്രത്തില്‍ പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികളാണെന്നതും ആസൂത്രിതമാണെന്ന് ആക്ഷേപമുണ്ട്. ചരിത്രത്തെ ചരിത്രമല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്.

ഈസ്റ്റ് ഇന്ത്യാ കമ്ബനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്ബടിയാണ് കലാപത്തിന് തുടക്കം. ഈസ്റ്റ് ഇന്ത്യാകമ്ബനി കൊട്ടാരവുമായി നേരിട്ട് വ്യാപാരം ഉറപ്പിച്ചതോടെ ഇടനിലക്കാരായ എട്ടുവീട്ടില്‍ പിള്ളമാര്‍ക്കുള്ള വ്യാപാരം നഷ്ടമായി. ഇതോടെ കര്‍ഷകരും പിള്ളമാരും കൂടി ഈസ്റ്റ് ഇന്ത്യാകമ്ബനിക്കും കൊട്ടാരത്തിനുമെതിരെ തിരിയുകയും തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്ബനിയുടെ ആസ്ഥാനമായിരുന്ന അഞ്ചുതെങ്ങ് കോട്ടയെ പോരാളികള്‍ ഉപരോധിച്ചു. മാസങ്ങളോളം ഉപരോധം തുടര്‍ന്നു. ഒടുവില്‍ തലശ്ശേരിയില്‍ നിന്നും വലിയ പീരങ്കികളും വെടിക്കോപ്പുകളുമായി കമ്ബനിപ്പട എത്തിയാണ് അഞ്ചുതെങ്ങിലെ പോരാളികളെ ആക്രമിച്ച്‌ പരാജയപ്പെടുത്തിയത്.

പോരാട്ടം അഞ്ചുതെങ്ങില്‍ നടന്നതിനാലാണ് ആറ്റിങ്ങല്‍ കലാപം എന്ന പേരുമാറ്റി അഞ്ചു തെങ്ങ് കലാപം എന്ന പേര് നല്കണമെന്ന് ആവശ്യമുയരുന്നത്.