കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ കസ്റ്റഡയിലെടുത്ത ശേഷം ഓരോ ദിവസവും ചുരുളഴിയുന്നത് ഞെട്ടിക്കുന്ന കള്ളത്തരങ്ങളുടെ കഥയാണ്. അപ്പോഴും മോന്‍സണിന് ക്രൈം​ബ്രാ​ഞ്ചി​നോട് ചോദിക്കാനുള്ളത് ഇതാണ്- “ഇ​തി​ലും വ​ലി​യ ക​ള്ളം പ​റ​യു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് കേ​സെ​ടു​ക്കു​ന്നി​ല്ല?”

ചോദ്യം ചെയ്യലില്‍ പു​രാ​വ​സ്തു​വെ​ന്ന് പ​റ​ഞ്ഞ് ക​ള്ള​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണ് ഓ​രോ സാ​ധ​ന​ങ്ങ​ളെ​ന്നും മോ​ന്‍​സ​ണ്‍ പ​റ​ഞ്ഞു. മോന്‍സണിന് പാ​സ്പോ​ര്‍​ട്ടി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച്. പ്ര​വാ​സി സം​ഘ​ട​നാ ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ര്‍​ട്ടി​ല്ലാ​തെ​യാ​ണ്. ഇ​ന്ത്യ​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​തു​വ​രെ സ​ഞ്ച​രി​ച്ചി​ട്ടി​ല്ല. 100 രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യാ​ണെ​ന്നും മോ​ന്‍​സ​ണ്‍ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി.

അ​തേ​സ​മ​യം, ത​ട്ടി​പ്പ് കേ​സി​ല്‍ മോ​ന്‍​സ​ണെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചു. പു​രാ​വ​സ്തു​ക്ക​ള്‍ വ്യാ​ജ​മെ​ങ്കി​ല്‍ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നും കേ​സെ​ടു​ക്കും. വ്യാ​ജ ചി​കി​ത്സ​യ്ക്ക് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​വി​ല്‍ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.