കൊച്ചി: വിവിധ കേസുകളില്‍ പ്രതിയായി കോടതികളില്‍ നിന്നും വാറന്റ് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുന്നവരെ പിടികൂടാന്‍ എറണാകുളം റൂറല്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്. കോടതിയില്‍ ഹാജരാകാതെ നടക്കുന്ന 107 പേരെയാണ് കഴിഞ്ഞ ദിവസം എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പിടികൂടിയത്.

ഇതില്‍ 13 പേര്‍ ദീര്‍ഘകാലമായി പെന്റിംഗ് വാറന്റുള്ള പ്രതികളാണ്. വിവിധ കോടതികളില്‍ നിന്നും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള 94 പേരാണ് മറ്റുള്ളവര്‍. ജില്ലയിലെ 34 പോലിസ് സ്‌റ്റേഷന്‍ പരിധികളിലായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇത്തരം ഓപ്പറേഷനുകള്‍ തുടര്‍ന്നും നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു