തിരുവനന്തപുരം : മക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ രണ്ട് യുവതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന പൊഴിയൂർ സ്വദേശി ടിറ്റോ(25)യെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

യുവതികളിൽ ഒരാൾ നഗരത്തിലെ ഒരു ടെക്സ്റ്റൈലിലെ ജീവനക്കാരിയാണ്. ഇവർക്ക് നാലും രണ്ടരയും വയസ്സുള്ള മക്കളുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള രണ്ടാമത്തെ യുവതിക്ക് മൂന്നരവയസ്സുളള ആൺകുട്ടിയുണ്ട്. മൂന്നുദിവസം മുൻപാണ് ഇരുവരും ടിറ്റോയ്‌ക്കൊപ്പം നാടുവിട്ടത്. നാടുവിടാൻ തീരുമാനിച്ചതോടെ കുട്ടികളോടും ഭർത്താക്കൻമാരോടും വഴക്കിടുന്നത് പതിവായിരുന്നു എന്നും പോലീസ് പറഞ്ഞു.

മൂന്നു നാൾ മുൻപ് നാട് വിട്ട ഇവർ ഹരിപ്പാടുളള ലോഡ്ജിൽ താമസിച്ചു. പരീക്ഷ എഴുതാൻ എത്തിയതാണെന്നാണ് ലോഡ്ജുടമയോട് പറഞ്ഞത് . യുവതികളുടെ ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പോലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത് . ടിറ്റോ മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു