കോഴിക്കോട്: നേതാക്കളുടെ അതൃപ്തി സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കേരളത്തിലെത്തിയതിന് ശേഷം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച്‌ വിശദമായ ചര്‍ച്ചയുണ്ടാകും. ഇന്നു രാവിലെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുലിനെ കെ സുധാകരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പരിപാടികളാണ് ഇന്ന് രാഹുലിനുള്ളത്. ഉച്ചയ്ക്ക് മലപ്പുറം കാളികാവിലെ എച്ച്‌ഐഎംഎ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് കോഴിക്കോട് തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാരുടെ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും കോടഞ്ചേരിയില്‍ എഐഎംഇആര്‍ ബിസിനസ് സ്കൂളിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്നാകും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമായുള്ള ചര്‍ച്ച.

പുതിയ നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉന്നയിച്ച ആരോപണങ്ങളും കെപിസിസിയില്‍ നിന്നുള്ള സുധീരന്റെ രാജിയും ചര്‍ച്ചയാകാനിടയുണ്ട്.

ഇരുവര്‍ക്കും പുറമെ മറ്റ് മുതിര്‍ന്ന നേതാക്കളും നേതൃത്വത്തിനെതിരെ സംസാരിച്ചതില്‍ ഹൈക്കമാന്‍ഡിനു കടുത്ത അതൃപ്തിയുള്ളതായാണു റിപ്പോര്‍ട്ടുകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിനൊപ്പം എത്തും.