എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏറ്റവുമധികം കാത്സ്യം ആവശ്യമായത് കുട്ടികളിലും പ്രായമായവരിലുമാണ്. എന്നാല്‍ ഈ രണ്ടു പ്രായത്തിലുള്ളവരും പാലോ മുട്ടയോ ഒന്നും കഴിക്കാന്‍ കൂട്ടാക്കാറില്ല. അതുകൊണ്ട് തന്നെ ഇതൊന്നും കഴിക്കാതെ തന്നെ കാത്സ്യം എങ്ങനെ ശരീരത്തില്‍ വര്‍ധിപ്പിക്കാം.

ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. പാലും പാല്‍ ഉല്‍പന്നങ്ങളുമാണ് കാത്സ്യത്തിന്‍റെ ഏറ്റവും പ്രധാന ഉറവിടം. എന്നാല്‍ ചിലര്‍ക്ക് പാല്‍ ഉല്‍പന്നങ്ങള്‍ തീരെ താല്‍പര്യം ഉണ്ടാകില്ല. പാലില്‍ മാത്രമാണ് കാത്സ്യം അടങ്ങിയിട്ടുള്ളതെന്ന ധാരണ തീര്‍ത്തും തെറ്റാണ്. അത്തരത്തില്‍ കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

★ ചിയ വിത്തുകളില്‍ ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും ധാരാളമടങ്ങിയതാണ് ചിയ സീഡ്‌സ്. അതിനാല്‍ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാന്‍ ചിയ വിത്തുകള്‍ പതിവായി കഴിക്കാം.

★ നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് സോയാബീന്‍സ്. ശരീരത്തിന് കാത്സ്യം നല്‍കുന്ന ഒരു ആഹാരമാണ് സോയാബീന്‍സ് എന്ന് അധികമാര്‍ക്കും അറിയില്ല. 100 ഗ്രാം സോയാബീന്‍സില്‍ നിന്നും 27ശതമാനത്തോളം കാത്സ്യം ലഭിക്കുന്നു.

★ ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങ തുടങ്ങിയവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

★ നല്ല അളവില്‍ കാത്സ്യം ലഭിക്കുന്ന പാല്‍ ഇതര വിഭവങ്ങളില്‍ ഒന്നാണ് റാഗി എന്ന കാര്യം പലര്‍ക്കും അറിയില്ല. 100 ഗ്രാം റാഗിയില്‍ 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയ റാഗി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും സഹായിക്കും.

★ ബദാം പോലുളള നട്സില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബദാമില്‍ ഏകദേശം 260 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.