ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുര്‍ജ മേഖലയില്‍ 12 വയസുകാരന്റെ നാവ് അയല്‍വാസികള്‍ മുറിച്ചുമാറ്റി. കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെയാണ് സംഗതി കൈവിട്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ എതിരാളികള്‍ പരസ്പരം ആക്രമിക്കാന്‍ തുടങ്ങി.ഇതിനെത്തുടര്‍ന്ന് ഒരു ആണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും മറ്റൊരാള്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല.’ തന്റെ അയല്‍വാസികളായ കുല്‍ദീപ്, സച്ചിന്‍ എന്നിവര്‍ സുഹൃത്തുക്കളോടൊപ്പം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാഗികമായി സംസാരശേഷി നഷ്ടപ്പെട്ട കുട്ടി ആരോപിച്ചു.

തന്റെ മകന്‍ വെളിയില്‍ കളിക്കുന്നതിനിടെ അയല്‍വാസികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാള്‍ അറസ്റ്റിലായപ്പോള്‍ മറ്റ് രണ്ടുപേര്‍ ഒളിവിലാണ്.

കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്, തലയ്ക്ക് പരിക്കേറ്റ ആണ്‍കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.