തിരുവനന്തപുരം: മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മോണ്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുക. മോണ്‍സനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, എറണാകുളം എ.സി.പി. ലാല്‍ജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്.

വമ്ബന്‍ തട്ടിപ്പുകാരനായ മോണ്‍സനുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് മോണ്‍സനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് ഡി.ജി.പി. നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇവര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നതിലും തീരുമാനം എടുക്കും.