തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടന സുഗമമായി നടക്കണമെങ്കില്‍ ആദ്യം മുതിര്‍ന്ന നേതാക്കളുടെ തമ്മിലടി പരിഹരിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഗുരുതരമാണെന്നും എത്രയും വേഗം പരിഹാരം കാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളുടെ ഇടയില്‍ ആശയവിനിമയം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നും അവര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത മാറ്റുന്നതിനാണ് പ്റഥമ പരിഗണന നല്‍കുന്നതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം എ ഐ സി സിയില്‍ നിന്നുമുള്ള വി എം സുധീരന്റെ രാജി ഇതു വരെയായും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും താരിഖ് അന്‍വര്‍ സൂചിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.