കാബൂള്‍: യഥാര്‍ത്ഥ ഇസ്ലാമിക് അന്തരീക്ഷം ഉണ്ടാകുന്നതുവരെ കാബൂള്‍ സര്‍വകലാശാലയില്‍ സ്ത്രീകള്‍ പഠിക്കുന്നതും തൊഴില്‍ ചെയ്യുന്നതും നിരോധിച്ച് താലിബാന്. ഇനിയൊരറിയിപ്പ് കൂടാതെ കാബൂള്‍ സര്‍വകലാശാലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന് താലിബാന് വ്യക്തമാക്കി. താലിബാന് അധികാരത്തിലേറിയതിന് പിന്നാലെ നിയമിതനായ പുതിയ കാബൂള്‍ സര്‍വകലാശാല ചാന്‍സലറുടേതാണ് ഉത്തരവ്. ട്വിറ്ററിലൂടെയാണ് ചാന്‍സലര്‍ മുഹമ്മദ് അഷ്റഫ് ഘൈറാത് വിവരം അറിയിച്ചത്.
മുഹമ്മദ് അഷ്റഫ് ഘൈറാതിന്റെ ചാന്‍സലറായുള്ള നിയമനം സര്‍വകലാശാലയില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബിഎ- ബിരുദം മാത്രം യോഗ്യതയുള്ള വ്യക്തിക്ക് ചാന്‍സലര്‍ പദവി നല്‍കിയതില്‍ അദ്ധ്യാപകര്‍ അതൃപ്തി അറിയിച്ചു. മാദ്ധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കിയ നടപടിയെ അനുകൂലിച്ച് കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത ഘൈറാതിന്റെ ട്വീറ്റും സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്തിന് താന്‍ പൂര്‍ണ യോഗ്യനാണെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു ഘൈറാതിന്റെ പ്രതികരണം. തുടര്‍ന്ന് 70ഓളം അദ്ധ്യാപകര്‍ ഘൈറാത് ചുമതലയേറ്റതോടെ സര്‍വകലാശാലയില്‍ നിന്നും രാജിവെച്ചു.
എന്താണ് താലിബാന് പറയുന്ന യഥാര്‍ത്ഥ ഇസ്ലാമിക അന്തരീക്ഷം:
ക്ലാസുകളില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപകന് അനുമതിയില്ല. മതിയായ അദ്ധ്യാപികമാര്‍ സര്‍വകലാശാലയില്‍ ഉണ്ടാകേണ്ടതുണ്ട്. അതുമല്ലെങ്കില്‍ ക്ലാസില്‍ അദ്ധ്യാപകന് നില്‍ക്കുന്നതിന് മുമ്ബില്‍ കര്ട്ടന് ഘടിപ്പിച്ച് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന രീതി പ്രാവര്‍ത്തികമാക്കണം. ഇതുവഴിയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് യഥാര്‍ത്ഥ ഇസ്ലാമിക അന്തരീക്ഷത്തിലൂടെ പഠിക്കാന്‍ അവസരം ലഭിക്കൂവെന്ന് ചാന്‍സലര്‍ മുഹമ്മദ് അഷ്റഫ് ഘൈറാത് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
1990ല്‍ താലിബാന് ആദ്യമായി അഫ്ഗാന് പിടിച്ചെടുത്തതിന് പിന്നാലെ നടപ്പിലാക്കിയ നിയമങ്ങളെ പ്രതിധ്വനിപ്പിക്കുന്നതാണ് സ്ത്രീകളോട് സര്‍വകലാശാലയില്‍ കടക്കരുതെന്ന ഉത്തരവ്. പുരുഷനായ ബന്ധുവിന്റെ സാമീപ്യം കൂടാതെ സ്ത്രീകള്‍ പൊതുസ്ഥലത്ത് വിഹരിക്കരുതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് താലിബാന് പ്രഖ്യാപിച്ചിരുന്നു.