കാസര്‍കോട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇഖ്ബാല്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് അപകടം ഉണ്ടായത്.

കാഞ്ഞങ്ങാട് ഭാഗത്തു എഞ്ചിന്‍ തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്‌സ് ഓട്ടോ റിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച്‌ നീളമുള്ള കയര്‍ ഉപയോഗിച്ച്‌ കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോറിക്ഷയെ കെട്ടിവലിച്ചുകൊണ്ടു മുന്നേ പോയ വാഹനം ഇഖ്ബാല്‍ ജംഗ്ഷനിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. എഞ്ചിന്‍ തകരാര്‍ ഉള്ള ഗുഡ്സ് ഓട്ടോ കെ എസ് ടി പി റോഡില്‍ നില്‍ക്കുമ്ബോള്‍ കാഞ്ഞങ്ങാടു ഭാഗത്തു നിന്നു ബൈകില്‍ രാവണേശ്വരത്തേക്കു പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങുകയായിരുന്നു. രാത്രിയായതിനാല്‍ കയര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

റോഡിലേക്കു തെറിച്ചു വീണ രതീഷിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് ബൈക്ക് ഏതാനും ദൂരത്തേക്കു തെറിച്ചുപോകുകയും ചെയ്തു.

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയറാണ് രതീഷിന്‍റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. രക്തം വാര്‍ന്നു റോഡില്‍ തളം കെട്ടിയിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.