ദാകര്‍: സെനഗല്‍ മുന്‍ മിഡ്ഫീല്‍ഡ് താരം പാപ്പ ബൂബ ദിയോപ് (42) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്നു. സെനഗലിനായി 63 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

2002ലെ ജപ്പാനില്‍ നടന്ന ലോകകപ്പിലെ കളിയാണ് പാപ്പയെ ശ്രദ്ധേയനാക്കിയത്. ആ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ തോല്‍പ്പിച്ചപ്പോള്‍ വിജയ ഗോള്‍ നേടിയത് പാപ്പ ബൂബ ദിയോപായിരുന്നു. ഫാബിയന്‍ ബാര്‍ത്തേസ്, ലിലിയന്‍ തുറാം, മാഴ്‌സല്‍ ഡിസേലി, സില്‍വിയന്‍ വില്‍റ്റോഡ്, ഡേവിഡ് ട്രൈസഗെ, പാട്രിക് വിയേര, തിയറി ഹെന്‍ റി തുടങ്ങിയ പ്രഗത്ഭരടങ്ങിയ ഫ്രാന്‍സ് നിരയെ അട്ടിമറിച്ചാണ് സെനഗല്‍ മിടുക്ക് കാട്ടിയത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഉറുഗ്വേയും സെനഗലും സമനിലയിലായപ്പോഴും ദിയോപ് രണ്ട് ഗോളുകള്‍ നേടി. അങ്ങിനെ ഭീമന്‍മാരുടെ പോലും പേടി സ്വപ്‌നമായ ലോകകപ്പിലെ കറുത്ത കുതിരകള്‍ എന്ന പേരും സ്വന്തമാക്കി ഈ കുഞ്ഞന്‍ ടീം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്‌സ്മൗത്ത് ടീം അംഗമായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്‌സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഞായറാഴ്ച ദിയോപിന്റെ മരണം സ്ഥിരീകരിച്ചു. വളരെ സങ്കടത്തോടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചതായും മുന്‍ ഫ്രഞ്ച് ക്ലബ് ലെന്‍സും വെസ്റ്റ് ലണ്ടനിലെ മുന്‍ ക്ലബ്ബായ ഫുള്‍ഹാമും അറിയിച്ചു. സെനഗല്‍ ഇതിഹാസം പപ്പാ ബൂബ ദിയോഗ് അന്തരിച്ചതില്‍ ദുഖിക്കുന്നതായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ഫിഫ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

ഏഴ് വര്‍ഷം മുമ്ബ് കളിക്കുന്നതില്‍ നിന്ന് വിരമിക്കുന്നതിനുമുമ്ബ് വെസ്റ്റ് ഹാം യുനൈറ്റഡ്, ബര്‍മിങ്ഹാം സിറ്റി എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചിരുന്നു. ‘ദി വാര്‍ഡ്രോബ്’ എന്ന വിളിപ്പേരുള്ള കളിക്കാരന് ഫുള്‍ഹാമും പോര്‍ട്ട്‌സ്മൗത്തും ട്വിറ്ററില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വളരെ ചെറുപ്പമായിരുന്നു. പപ്പാ ബൂബ ദിയോപിന് ആദരാഞ്ജലികള്‍ എന്നാണ് ഇംഗ്ലണ്ടിലെ മുന്‍ സ്‌ട്രൈക്കറും ടെലിവിഷന്‍ അവതാരകനുമായ ഗാരി ലിനേക്കര്‍ ട്വീറ്റ് ചെയ്തത്.