ബംഗളൂരു: ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞരും ഇൻ സ്‌പേസ് ചെയർമാൻ പദവിയിലേക്ക് പരിഗണനയിൽ. മുതിർന്ന ശാസ്ത്രജ്ഞനായ എസ് സോമനാഥ്, പി കുഞ്ഞികൃഷ്ണൻ എന്നിവരാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത്. മറ്റൊരു മുതിർന്ന ശാസ്ത്രജ്ഞനായ സാം ദയാൽ ദേവിന്റെ പേരും ഐഎസ്ആർഒ നിർദേശിച്ചിട്ടുണ്ട്.

ബഹിരാകാശ മേഖലയിലെ സ്വകാര്യ വ്യവസായത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു നോഡൽ ഏജൻസിയാണ് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ സെന്റർ. സോമനാഥും, കുഞ്ഞികൃഷ്ണനും വിക്രം സാരാഭായി സ്‌പേസ് സെന്റർ, യുആർ റാവു സ്‌പേസ് ബഹിരാകാശ കേന്ദ്രം എന്നിവയുടെ ഡയറക്ടർമാരാണ്.

വിക്ഷേപണ വാഹനങ്ങളിലും ഉപഗ്രഹങ്ങളിലും പ്രവർത്തിക്കുന്ന ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറാണ് സാം ദയാൽ ദേവ്. മൂന്നുപേരുടേയും പേരുകൾ കേന്ദ്ര പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.