ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പത്ത്, പ്ലസ്ടൂ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. രാജ്യത്തെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും കൃത്യമായി കൂടിയാലോചിച്ച ശേഷം മാത്രമേ പരീക്ഷകളെ കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന പ്രവേശന- മത്സര പരീക്ഷകളെ കുറിച്ചും വാർഷിക പരീക്ഷകളെ കുറിച്ചും ചർച്ച ചെയ്യാൻ വെർച്വലായി വിദ്യാർത്ഥികളുമായി സംവദിക്കും. ഈ മഹാമാരിക്കാലത്ത് പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ആലോചിക്കും.  ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ക്യാമ്പയിൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെയാണ് ബാധിച്ചത്. രോഗബാധ തടയുന്നതിന്റെ ഭാഗമായി മാർച്ചിൽ സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ വകുപ്പ് അടച്ചിരുന്നു. അടിയന്തിര ബദൽ നടപടിയെന്ന രീതിയിലാണ് ഓൺലൈൻ ക്ലാസുകൾ രാജ്യത്ത് ഏര്‍പ്പെടുത്തിയത്.