കോഴിക്കോട്: സംഘടനയും ആദര്‍ശവുമാണ് വലുതെന്ന ഒളിയമ്ബുമായി ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശ്. ദീനദയാല്‍ജി ജയന്തി ദിനത്തോടനുബന്ധിച്ച്‌ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വി മുരളീധരപക്ഷത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അധികാരത്തിന്റെ സുഖശീതളിമയില്‍ ധാര്‍മിക ബോധം നഷ്ടപ്പെട്ടവര്‍ക്ക് ദീനദയാല്‍ ഉപാധ്യായ് യാണ് മാതൃകയെന്നും എം ടി രമേശ് വ്യക്തമാക്കി. ഭാരതീയ ജനതാപാര്‍ട്ടിയുടെ സംഘടനാ ശരീരവും ആദര്‍ശത്തിന്‍്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാല്‍ ഉപാധ്യായ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ദീനദയാല്‍ ജയന്തി ദിനം അനുസ്മരണ സമ്മേളനത്തില്‍ അദേഹം പങ്കെടുത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഭാരതീയ ജനതാപാര്‍ട്ടിയുടെ സംഘടനാ ശരീരവും ആദര്‍ശത്തിന്‍്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാല്‍ ഉപാദ്ധ്യായ്.1951 ല്‍ ശ്യാമ പ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപീകരിച്ച ശേഷം സംഘത്തിന്‍്റെ നിര്‍ദ്ദേശമനുസരിച്ചാണ് ദീനദയാല്‍ജി ജനസംഘ പ്രവര്‍ത്തനം തുടങ്ങുന്നത്,53 ല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും 67 ല്‍ കോഴിക്കോട്ടെ സമ്മേളനത്തില്‍ അഖിലേന്ത്യ അധ്യക്ഷനാവുകയും ചെയ്തു.

ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ശ്രീ ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്ബത്തിക സാമൂഹിക ദര്‍ശനമാണ് എകാത്മാ മാനവ ദര്‍ശനം.ഗ്വാളിയാറില്‍ ചേര്‍ന്ന 500 പ്രവര്‍ത്തകരുടെ നാലുദിവസത്തെ ചിന്തന്‍ ശിബിരത്തിലാണ് ദീനദയാല്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്. ഉദാത്തമായ ഈ ചിന്താധാരക്കനുസരിച്ച്‌ ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കും മുമ്ബ് 1968ല്‍ അദ്ദേഹം നമ്മെ വിട്ടു പോയി.ആദര്‍ശത്തിന്‍്റെ ആള്‍രൂപമായിരുന്ന ദീനദയാല്‍ജിയുടെ ജീവിതം ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃകയാണ്.1942-ല്‍ അദ്ദേഹം ലഖിംപൂര്‍ ജില്ലാ പ്രചാരകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി.

1951-ല്‍ ഉത്തര്‍പ്രദേശ്‌ സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവില്‍ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖര്‍ജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. ആ യത്നത്തിലേക്ക് ദീനദയാല്‍, വാജ്പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിക്കുകയായിരുന്നു. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു,

അധികാരത്തിന്‍്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കും.സംഘടനയും അതിന്‍്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ് താനും.