തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്താതെ നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ കൂടിയായ വിഎം സുധീരൻ രാജിവെച്ചത്.

കെപിസിസി പുനഃസംഘടന യിൽ ഉൾപ്പടെ തന്നെ പരിഗണിക്കാത്തതിൽ ഉള്ള അതൃപ്തി സുധീരൻ നേതൃത്വത്തെ അറിയിച്ചു. സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് രാജിക്കത്ത് കൈമാറിയ ശേഷം സുധീരൻ പ്രതികരിച്ചു.

നിലവിൽ കെ.സുധാകരനും, വി.ഡി സതീശനുമുൾപ്പെടെയുള്ള നേതൃത്വം പുതിയ ഭരണ പരിഷ്‌കാരങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് വെല്ലുവിളി ഉയർത്തി സുധീരന്റെ രാജി. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചു വരുന്നതിനിടെയുള്ള സുധീരന്റെ രാജി നേതൃത്വത്തിന് പുതിയ തലവേദനയാകുകയാണ്.

മുതിർന്ന നേതാക്കളുമായി തീരുമാനിക്കാതെയുള്ള ഡിസിസി പുന:സംഘടനയിൽ സുധീരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സുധീരനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കിയായിരുന്നു പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ. ഇതിന് പുറമേ രാഷ്‌ട്രീയകാര്യ സമിതി യോഗം നടത്താത്തതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.