തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റും കോട്ട പോലെ മതിൽ കെട്ടാൻ നിർദ്ദേശം. ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായാണ് ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കണമെന്ന് പോലീസ് ശുപാർശ ചെയ്തത്. നിലവിൽ ക്ലിഫ് ഹൗസിലെ മതിലിന് പത്തടിയോളം ഉയരമുണ്ട്. മതിലിന് മുകളിൽ മുള്ളുകമ്പിയും ഘടിപ്പിക്കും. ക്ലിഫ് ഹൗസ് പരിസരം കാണാൻ കഴിയാത്ത തരത്തിലുള്ള മതിലും ഗേറ്റും സ്ഥാപിക്കാനാണ് നീക്കം.

ക്ലിഫ് ഹൗസിന് മുന്നിലെത്താനുള്ള ചെറു വഴികൾ അടയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് പുതിയ നീക്കം. പോലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കാനുള്ള ആലോചനകൾക്ക് തുടക്കമായത്. ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചിട്ടുമുണ്ട്.

ദേവസ്വം ബോർഡ് ജംഗ്ഷനിൽനിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ. അതേസമയം സുരക്ഷയെന്ന പേരിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി സമീപവാസികൾ ആരോപണം ഉയർത്തുന്നുണ്ട്. വാഹനങ്ങൾ പാർക്കുചെയ്യുന്നതിലും മനുഷ്യാവകാശ ലംഘനമുണ്ടാകുന്നതായാണ് നാട്ടുകാരുടെ ആരോപണം. സെക്രട്ടറിയേറ്റിന് പിന്നാലെ ക്ലിഫ് ഹൗസിന്റെയും സുരക്ഷ വർദ്ധിപ്പിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ നീക്കമെന്നാണ് ആക്ഷേപം.