തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകും. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ല ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ ചൊവ്വാഴ്ചവരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം അതിതീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വടക്കൻ ആന്ധ്രാപ്രദേശ്- തെക്കൻ ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് ഗുലാബ്’ ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.