കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് മനസ് സാഹയുടെ മൃതദേഹത്തെ ചത്ത പട്ടിയുമായി താരതമ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു മമത ബിജെപി നേതാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത്. സംഭവത്തിൽ മമതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.

ഇന്നലെ ഭബാനിപൂരിലെ വിദാൻസഭയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മമതയുടെ പരാമർശം. സാഹയുടെ മരണത്തിന് ശേഷം മൃതദേഹവുമായി ബിജെപി പ്രവർത്തകർ മമതയുടെ വസതിയ്‌ക്ക് മുൻപിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ സംസാരിക്കുന്നതിനിടെയാണ് സാഹയുടെ മൃതദേഹത്തെ ചത്തപട്ടിയുടേതുമായി താരതമ്യം ചെയ്തത്.

യോഗത്തിനായി പോയപ്പോൾ ബിജെപി പ്രവർത്തകർ തന്റെ വീടിനു മുൻപിൽ മൃതദേഹവുമായി എത്തി പ്രതിഷേധിക്കുന്നതായി അറിഞ്ഞു. ഇതിന് നിങ്ങൾക്ക് ധൈര്യമുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ താൻ ഒരു ചത്ത പട്ടിയെ നിങ്ങളുടെ വീടിന് മുൻപിലിട്ടാൽ എന്ത് സംഭവിക്കും. എനിക്ക് അതിന് കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. നിങ്ങളുടെ വീടിന് മുൻപിൽ ചത്തപട്ടികളെ കൊണ്ടിടാൻ തനിക്ക് സെക്കൻഡുകൾ മതി. ഇങ്ങിനെ ചെയ്താൽ ദുർഗന്ധത്താൽ നിങ്ങൾ ആരും 10 ദിവസത്തേക്ക് ഭക്ഷണം കഴിക്കില്ലെന്നുമാണ് മമത പറഞ്ഞത്. പരിപാടിയിൽ മമത സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജും‌ദാർ രംഗത്ത് എത്തി. ഒരു മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണ് മമതയിൽ നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിലാണ് ബിജെപി നേതാവ് മരിച്ചത്. അതിൽ മുഖ്യമന്ത്രി വിഷമിക്കുകയാണ് വേണ്ടത്. അതിന് പകരം ചത്തപട്ടികളെ വീട്ടിൽ കൊണ്ടിടുമെന്ന് പറയുന്നത് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.