കോഴിക്കോട്: ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് നിരവധി ദിവസങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം ശസ്ത്രക്രിയ നടത്തിയില്ലെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

പരാതി പരിഹരിച്ച ശേഷം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

മലപ്പുറം നരിപ്പറമ്ബ് സ്വദേശി അബ്ദുള്‍ മജീദിനാണ് ശസ്ത്രക്രിയ നടത്താത്തത്. ഓര്‍ത്തോ വിഭാഗത്തിലെ അഞ്ചാം യൂണിറ്റിലെ വാര്‍ഡ് 37ലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായ മുജീബ് റഹ്മാന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.