ന്യൂഡല്‍ഹി: ഇന്ത്യയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ അടുത്തടുത്തെത്തിയത് അസാധാരണമല്ലെന്ന് ഐഎസ്‌ആര്‍ഒ. ഇരു ഉപഗ്രഹങ്ങളും തമ്മില്‍ 420 മീറ്റര്‍ അകലമുണ്ടായിരുന്നെന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍ വ്യക്തമാക്കി. ഉപഗ്രഹങ്ങള്‍ അടുത്തവരുന്നത് സാധാരണമാണെന്നും 150 മീറ്റര്‍ അടുത്തെത്തിയാല്‍ മാത്രമേ എന്തെങ്കിലും നടപടി വേണ്ടിവരൂ എന്നുമാണ് ഐഎസ്‌ആര്‍ഒ നല്‍കുന്ന വിശദീകരണം.

നവംബര്‍ 27ന് ആണ് ഇന്ത്യന്‍ കൃത്രിമോപഗ്രഹം കാര്‍ട്ടോസാറ്റ്-2എഫ് ഉം റഷ്യന്‍ കൃത്രിമോപഗ്രഹം കനോപസ്-5 ഉം അപകടകരമാം വിധം അടുത്തടുത്തെത്തിയത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇരു ഉപഗ്രഹങ്ങളും തമ്മില്‍ 224 മീറ്റര്‍വരെ അടുത്തെത്തിയതായി റോസ്‌കോസ്‌മോസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, റഷ്യയുടെ ഉപഗ്രഹത്തില്‍ നിന്ന് 420 മീറ്റര്‍ അകലെയാണ് കാര്‍ട്ടോസാറ്റ് എന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഇത് അസാധാരണമല്ലെന്നും 150 മീറ്റര്‍ അടുത്തെത്തിയാല്‍ മാത്രമേ എന്തെങ്കിലും നടപടി വേണ്ടിവരൂ എന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. നാല് ദിവസമായി കാര്‍ട്ടോസാറ്റ് -2 എഫിന്റെ പാത ഐഎസ് ആര്‍ഒ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ട് ഉപഗ്രഹങ്ങളും പരസ്പരം 150 മീറ്ററില്‍ കുറഞ്ഞ ദൂരത്തില്‍ എത്തിക്കഴിഞ്ഞാല്‍ മാത്രമേ ഉപഗ്രത്തിന്റെ ഗതിയില്‍ മാറ്റം വരുത്തേണ്ടതുള്ളൂ എന്നും ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍ വ്യക്തമാക്കി.

സാധാരണഗതയില്‍ ഒരു കിലോമീറ്റര്‍ ആണ് രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട ദൂരമായി കണക്കാക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഉപഗ്രഹങ്ങള്‍ തമ്മില്‍ അടുത്തുവരുന്ന സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ഗതിമാറ്റം വരുത്തുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാറുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.