തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടു നില്‍ക്കുന്ന ധനവകുപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വിജിലന്‍സ് റെയ്ഡ്. കെഎസ്‌എഫ്‌ഇയ്ക്കെതിരെ ഇടം വലം നോക്കാതെ വിജിലന്‍സ് റെയ്‌ഡിനിറങ്ങിയപ്പോള്‍ അതിന്റെ വരുംവരായ്കകള്‍ ആലോചിച്ചില്ലെന്നത് ധനമന്ത്രിയെ ചൊടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്‌എഫ്‌ഇ. ഒരു മാസം 10 ലക്ഷം രൂപ വരെ കെഎസ്‌എഫ്‌ഇയില്‍ അടക്കുന്നവരുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് കുടുംബശ്രീ വഴി ലാപ്ടോപ്പ് നല്‍കുന്ന പദ്ധതി നിലവില്‍ പ്രതിസന്ധിയിലായിരിക്കുമ്ബോഴാണ് അപ്രതീക്ഷിതമായ റെയ്ഡ്. സിഎജി റിപ്പോര്‍ട്ടിലും വിജിലന്‍സ് കണ്ടെത്തലുകള്‍ക്കു സമാനമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണയാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ പത്ത് ശാഖകളില്‍ വീഴ്ചയുണ്ടെന്നും, 4 ശാഖകളില്‍ സ്വര്‍ണ്ണപ്പണയത്തട്ടിപ്പ് നടക്കുന്നുണ്ടെന്നും, വണ്ടിച്ചെക്ക് നല്‍കുന്നവരെ നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കുന്നുവെന്നുമടക്കം നിരവധി വീഴ്ചകളാണ് റെയ്ഡില്‍ കണ്ടെത്തിയിരിക്കുന്നത്.