തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറച്ചു കാണിക്കാന്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം പരിശോധന കുറക്കുകയാണെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 8369 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ പരിശോധനയുടെയും രോഗികളുടെയും കണക്കുകള്‍ നോക്കിയാല്‍ 19ന് വെറും 36,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 5022 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18ന് 58,404 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7631 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന ഏതാനും സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആക്ടീവ് കേസുകളുടെ എണ്ണം 90,000ത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. മരണസംഖ്യ 1,200 കടക്കുകയും ചെയ്തു. രോഗമുക്തരാകുന്നവരുടെ എണ്ണം മാത്രമാണ് കേരളത്തിന് ആശ്വാസമാകുന്നത്.