ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അപൂര്‍വമായ അഗ്നിബാധയ്ക്കു 50 വര്‍ഷം തികയുന്നു. ഭക്തജനങ്ങളെ ആശങ്കപ്പെടുത്തിയെങ്കിലും പിന്നീടുള്ള അഭിവൃദ്ധി അതിനെ മായ്ച്ചു കളഞ്ഞു. അഗ്നിബാധ ക്ഷേത്ര ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. സാമൂതിരിയുടെയും മല്ലിശേരിയുടെയും ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.1970 നവംബര്‍ 29ന് പൊലീസ് ഏകാദശി വിളക്കു കഴിഞ്ഞ് നടയടച്ച ശേഷം പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും കണ്ടവര്‍ മതില്‍ ചാടിക്കടന്ന് ഗോപുര വാതിലുകള്‍ തുറന്നു. എന്നാല്‍ചുറ്റമ്ബലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു നിന്നു തീ കിഴക്കും പടിഞ്ഞാറും ഭാഗത്തേക്ക് അതിവേഗം പടര്‍ന്നു. വിളക്കുമാടം കത്തിയമര്‍ന്നു. ക്ഷേത്രത്തില്‍ കൂട്ടമണിയടിച്ചു. വെള്ളമൊഴിച്ച്‌ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നി ശ്രീകോവിലിനെ ബാധിക്കുമെന്ന് ആശങ്കയായി.

തന്ത്രിയുടെ അനുവാദത്തോടെ യുവാക്കള്‍ തീയും പുകയും കടന്ന് ശ്രീലകവാതില്‍ തുറന്ന് ഗുരുവായൂരപ്പന്റെ വിഗ്രഹവുമായി പുറത്തു വന്നു. തുടര്‍ന്നു കൂത്തമ്ബലത്തില്‍ വിഗ്രഹം സൂക്ഷിച്ചു. ഗണപതി, അയ്യപ്പന്‍ എന്നീ ഉപദേവ വിഗ്രഹങ്ങളും പുറത്തെത്തിച്ചു. തീ കെടാതെ വന്നതിനാല്‍ വിഗ്രഹങ്ങള്‍ തന്ത്രി മഠത്തിലേക്കു മാറ്റി.തൃശൂര്‍, പൊന്നാനി, കോഴിക്കോട് നഗരങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി രാവിലെ ആറരയോടെ തീ അണച്ചു. ചെമ്ബു മേഞ്ഞ ചുറ്റമ്ബലത്തിന്റെ കിഴക്കുഭാഗം ഒഴികെ കത്തി നശിച്ചിരുന്നു. ശ്രീകോവിലിനെ അഗ്നി ബാധിച്ചില്ല. നവംബര്‍ 30ന് രാവിലെ പത്തരയോടെ ഗുരുവായൂരപ്പന്റെ വിഗ്രഹവും ഉപദേവ വിഗ്രഹങ്ങളും പുനഃപ്രതിഷ്ഠ നടത്തി പൂജ തുടങ്ങി.

പിന്നീട് ഡിസംബര്‍ 5ന് കെ.കേളപ്പന്‍ ചെയര്‍മാനായി പുനരുദ്ധാരണ സമിതി രൂപീകരിച്ചതോടെ സംഭാവനകളുടെ പ്രവാഹമായി. 1971 മാര്‍ച്ച്‌ 10ന് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തു. സാമൂതിരി ചെയര്‍മാനും മല്ലിശേരി വൈസ് ചെയര്‍മാനുമായി 17 അംഗ ഭരണസമിതിയെ നിയമിച്ചു.മേയ് 1ന് കാഞ്ചി ശങ്കരാചാര്യര്‍ സ്വാമി ജയേന്ദ്ര സരസ്വതി പുനര്‍നിര്‍മാണത്തിന് ശിലയിട്ടു. 1973 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ചുറ്റമ്ബലവും വിളക്കുമാടവും സമര്‍പ്പിച്ചു. 1975-ല്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയായി. 1977-ല്‍ സര്‍ക്കാര്‍ ദേവസ്വം ആക്‌ട് വീണ്ടും പരിഷ്കരിച്ചു.