ഹോങ്കോങ്: തനിക്ക് ബാങ്ക് അക്കൗണ്ടില്ലെന്നും ശമ്ബളമായി കിട്ടുന്ന പണം വീട്ടില്‍ കുന്നുകൂടി കിടക്കുകയാണെന്നും ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. യുഎസ് ട്രഷറി ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായാണ് തനിക്ക് ഈ സ്ഥിതിവിശേഷം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാരി ലാമിന്റെ വെളിപ്പെടുത്തല്‍.

ഹോങ്കോങ്ങിനുമേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയത്. ‘എല്ലാത്തിനും എല്ലാ ദിവസവും പണം ഉപയോഗിക്കുന്നു. നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത് ഹോങ്കോങ് എസ്‌എ‌ആറിന്റെ (സ്പെഷല്‍ അഡ്‌മിനിസ്ട്രേറ്റീവ് റീജിയന്‍) ചീഫ് എക്സിക്യൂട്ടീവ് ആണ്. അവര്‍ക്ക് ബാങ്കിങ് സേവനമൊന്നും ലഭ്യമാക്കിയിട്ടില്ല. വീട്ടില്‍ പണത്തിന്റെ കൂമ്ബാരമുണ്ട്. എന്റെ ശമ്ബളം സര്‍ക്കാര്‍ എനിക്ക് പണമായി നല്‍കുന്നു’- അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളില്‍ ഒരാളാണ് കാരി ലാം.

ഹോങ്‌കോങ്ങില്‍ വിഘടനവാദവും ഭീകരപ്രവര്‍ത്തനങ്ങളും വിദേശ ഇടപെടലുകളും തടയുന്നതിനെന്ന പേരിലാന്‍്‌ ചൈന ദേശീയ സുരക്ഷാ നിയമം പാസാക്കിയത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീഷണി അവഗണിച്ചാണ്‌ ചൈന പാര്‍ലമെന്റായ പീപ്പിള്‍സ്‌ കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ഏകകണ്ഠമായി നിയമം പാസാക്കിയത്‌.

ഹോങ്‌കോങ്‌ സ്വയംഭരണം സംരക്ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ സെനറ്റ്‌ ചൈനക്കാര്‍ക്കെതിരെ ഉപരോധ ഭീഷണിയുമായി ബില്‍ പാസാക്കിയിരുന്നു. ചൈന നിയമം പാസാക്കുന്നത്‌ തടയാന്‍ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനു പിന്നാലെ ഹോങ്‌കോങ്ങിലേക്ക് ആയുധങ്ങളടക്കമുള്ള പ്രതിരോധ കയറ്റുമതി ട്രംപ്‌ ഭരണകൂടം നിരോധിക്കുകയും ചെയ്‌തു. കോളനിയായിരുന്ന ഹോങ്‌കോങ്ങിനെ 1997ല്‍ ബ്രിട്ടന്‍ ചൈനയ്‌ക്ക്‌ കൈമാറിയശേഷം അനുവദിച്ചിരുന്ന പ്രത്യേക വ്യാപാര ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും അമേരിക്ക നീക്കമാരംഭിച്ചിട്ടുണ്ട്‌. ഹോങ്‌കോങ്ങിലെ 75 ലക്ഷം ജനങ്ങളില്‍ 30 ലക്ഷം പേര്‍ക്ക്‌ പൗരത്വം നല്‍കാമെന്ന്‌ ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.