പാലക്കാട്: ജില്ലയിലെ കൊറോണ രോഗികളായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. തപാല്‍ വോട്ട് ചെയ്യുന്നതിന് ഇവരുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒമ്ബതിന് വൈകിട്ട് മൂന്ന് വരെ ശേഖരിക്കും. പത്തിനാണ് വോട്ടെടുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് വിവര ശേഖരണം.

കൊറോണ രോഗികളെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും സ്പെഷ്യല്‍ വോട്ടേഴ്സായി പരിഗണിച്ചാണ് വോട്ടിങ് സൗകര്യമൊരുക്കുക. ഇവര്‍ക്കായി സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍(എസ്പിബി ) തയ്യാറാക്കും.

ഡിസംബര്‍ ഒന്നു മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ രോഗികളുടെയോ ക്വറന്റൈനില്‍ ഇരിക്കുന്നവരുടെയോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഈ കാലയളവില്‍ നെഗറ്റീവായാലും നേരിട്ടുള്ള വോട്ടിങ് അനുവദിക്കില്ല. ഇവര്‍ പോസ്റ്റല്‍ വോട്ടിങ് ചെയ്യണം. ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ വെബ്സൈറ്റില്‍ ലഭിക്കും. എന്നാല്‍ രോഗികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല.

എന്നാല്‍ ജില്ലയില്‍ താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലക്കാര്‍ ഉണ്ടെങ്കില്‍ ഇവരുടെ വിശദാംശങ്ങള്‍ ഈമാസം 29ന് തയ്യാറാക്കാം. ഇത് ഡിസംബര്‍ ഏഴ് വരെ പുതുക്കാം. ഈ ജില്ലകളില്‍ ഡിസംബര്‍ എട്ടിനാണ് വോട്ടെടുപ്പ്.

ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കി.