തിരുവനന്തപുരം : എസ് എഫ് ഐ ഉൾപ്പെടെ ഇടത് സംഘടനകളിലെ നേതാക്കൾക്കെതിരായ കേസുകളിൽ വഴിവിട്ട സഹായവുമായി സംസ്ഥാന സർക്കാർ. സമരം ചെയ്തതിന് നേതാക്കൾക്കെതിരെ ചുമത്തിയ കേസുകൾ കൂട്ടത്തോടെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പിഎസ്‌സി തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളാണ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയെ ആണ് ഈ ആവശ്യവുമായി സർക്കാർ സമീപിച്ചിരിക്കുന്നത്.

നിലവിൽ പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ 150 ഓളം കേസുകളാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മ്യൂസിയം, കന്റോൺമെന്റ് സ്‌റ്റേഷനിലാണ് നേതാക്കൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെയും നഗരത്തിലെ മറ്റ് പോലീസ് സ്‌റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത കേസുകൾ കൂട്ടത്തോടെ പിൻവലിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതിനായി 50 ഓളം അപേക്ഷകളാണ് സർക്കാർ കോടതിയിൽ നൽകിയിരിക്കുന്നത് എന്നാണ് വിവരം.

പിഎസ്സി തട്ടിപ്പ് കേസിലെ പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് ്, പിഎസ്‌സി പരീക്ഷാ പേപ്പർ ചോർത്തൽ തുടങ്ങിയ കേസുകളിൽ അടക്കം പ്രതികളാണ് ഇരുവരും.

നേരത്തെ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സിപിഎം എംഎൽഎമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ വൻ തിരിച്ചടിയാണ് സർക്കാർ നേരിട്ടത്.