ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ വാക്സിനേഷന് നന്ദി അറിയിച്ച്‌ പ്രവര്‍ത്തകരുടെ പിറന്നാള്‍ ആഘോഷം. 71 അടി നീളമുള്ള സിറിഞ്ച് ആകൃതിയിലുള്ള കേക്ക് മുറിച്ചാണ് മദ്ധ്യപ്രദേശിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷമാക്കിയത്. മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവുമുള്ള വെളുത്ത ടി-ഷര്‍ട്ടും മാസ്‌കും ധരിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തത്.

രാജ്യത്ത് നടപ്പിലാക്കിയ വാക്സിനേഷന്‍ പദ്ധതിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത 71 പേര്‍ ഇന്ന് രക്തം ദാനം ചെയ്യുമെന്ന് അറിയിച്ചു. പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ബിജെപി പ്രവര്‍ത്തകര്‍ ആശംസിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനം ചരിത്രപരമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ന് വാക്സിന്‍ കുത്തിവയ്പ്പില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം.