ന്യൂഡല്‍ഹി : ബിജെപിക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മമതാ ബാനര്‍ജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂര്‍ മണ്ഡലത്തെ അവര്‍ പാകിസ്ഥാനാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു മമതാ ബാനര്‍ജി.
‘ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയം. നന്ദിഗ്രാമില്‍ അവര്‍ പറഞ്ഞു അത് പാകിസ്ഥാനാകുമെന്ന്, ഇപ്പോള്‍ ഭബാനിപൂരിലും അത് തന്നെ പറയുന്നു. ഇത് ലജ്ജാകരമാണ്. എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുയും വേണം. ഇന്ത്യയെ മറ്റൊരു താലിബാന്‍ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാകിസ്ഥാനാക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല’- മമത പറഞ്ഞു.

ഈ വര്‍ഷം ആദ്യം പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് മമതാ ബാനര്‍ജി പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഭബാനിപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.